എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെ അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അധിക്ഷേപ പരാമർശം.
”പുച്ഛം കാണും, കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും, അത് അവരുടെ ഡിഎൻഎയാണ്. അതവർ ചെയ്തുകൊണ്ടേയിരിക്കട്ടേ. പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധൻ, സുപ്രീം കോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ. പിന്നെ ഉരുളക്കിഴങ്ങും തക്കാളിയും ഒക്കെ വിൽക്കുന്നവർ ഉടൻ തന്നെ പിഒഎസ് ഒക്കെവെച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറൻസി… എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ”, സുരേഷ് ഗോപി പറഞ്ഞു.
കൂടാതെ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂർ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
















