ബാംഗളൂർ ആനേക്കൽ ബൊമ്മസാന്ദ്രയിൽ ഓക്‌സ്ഫോർഡ് ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിനിയുടെ മരണത്തിൽ പ്രിൻസിപ്പലടക്കം ആറ് പ്രൊഫസർമാർക്കെതിരേ പോലീസ് കേസെടുത്തു. കോളേജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർഥിനി ബി. യശ്വസ്വിനി ജീവനൊടുക്കിയ സംഭവത്തിൽ ആണ് പോലീസ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യശസ്വിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജിലെ അധ്യാപകരുടെ മാനസികപീഡനവും നിറത്തെച്ചൊല്ലിയുള്ള പരിഹാസവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് യശസ്വിനിയുടെ അമ്മ പരിമള പരാതിയിൽ പറയുന്നത്.
ഇരുണ്ടനിറമുള്ള നിനക്ക് ഡോക്ടറാകാൻ അർഹതയുണ്ടോ എന്നുവരെ സഹപാഠികളുടെ മുന്നിൽവെച്ച് അധ്യാപകർ യശസ്വിനിയോട് ചോദിച്ചതായും രൂപഭംഗിയുടെയും നിറത്തിന്റെയും പേരിൽ എന്നും അവഹേളനം കേൾക്കേണ്ടി വന്നിരുന്നതായും പെൺകുട്ടിയുടെ ‘അമ്മ പരാതിയിൽ പറയുന്നു.
അടുത്തിടെ കണ്ണിന് വേദനയായതിനാൽ കോളേജിലെ ഒരു സെമിനാറിൽ യശ്വസ്വിനിക്ക് പങ്കെടുക്കാനായില്ല. ഇതിന്റെ പേരിലും അധ്യാപകർ അപമാനിച്ചതായും പരാതിയിലുണ്ട്. വിദ്യാർഥിനിയുടെ മാതാവിന്റെ ആരോപണങ്ങൾ കോളേജിലെ മറ്റുവിദ്യാർഥികളും ശരിവെച്ചതായും പോലീസ് പറഞ്ഞു.
ഇതിനിടയിലാണ് കഴിഞ്ഞദിവസം ആരോപണവിധേയരായ ആറ് അധ്യാപകരെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തത്. ആനേക്കൽ ബൊമ്മസാന്ദ്രയിലെ ഓക്‌സ്ഫോർഡ് ഡെന്റൽ കോളേജിലെ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗത്തിലെ സീനിയർ ലക്ചറർമാരായ ആൻമോൾ റസ്ദാൻ, ഷബാന ബാനു, ഫയിക കൊൽകർ, ആൽബ ദിനേഷ്, റീഡർ ആർ. സിന്ധു, പ്രൊഫസർ സുഷ്മിനി ഹെഗ്ഡെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
















