തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി.
വർഗവഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോർജിന്റെയും കാര്യം ഓർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ പ്രതികരണം.
പാർട്ടി വിട്ട ഐഷ പോറ്റിയെ സിപിഐഎം നേതാവും മന്ത്രിയുമായ വി എൻ വാസവനും മുൻ മന്ത്രിമാരായ തോമസ് ഐസക്കും ജെ മേഴ്‌സിക്കുട്ടിയമ്മയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തനിക്ക് എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു.
പാർട്ടി സ്ഥാനങ്ങൾ തന്നാൽ മാത്രം പോര. നല്ല അഭിപ്രായം നേടണമെങ്കിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും കേരള പ്രദേശ് ഗാന്ധിദർശൻ പരിപാടിയിലെ വേദിയിൽ ഐഷ പോറ്റി പറഞ്ഞു.
















