കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും, പഞ്ചായത്ത്-പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ വിജയം പോലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് 100-ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ പറ്റിയും വ്യക്തമായ നിലപാട് വ്യക്തമാക്കി ചെന്നിത്തല.. നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല എന്നും ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ തുടരുമെന്നാണ് പറയുന്നത്, അവർ മുന്നണി വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ മാത്രമേ യുഡിഎഫിൽ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാർട്ടികളെ ചാക്കിട്ട് പിടിക്കാനല്ല, മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞു.
കൂടാതെ മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെ ചെന്നിത്തല സ്വാഗതം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രാദേശിക നേതാവ് നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്ക് പാർട്ടിയിൽ വലിയ പരിചയമില്ലാത്തതുകൊണ്ടാണ് അത്തരം പരാമർശങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം മറുപടി നൽകി. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി അദ്ദേഹം പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
















