ശബരിമല: പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് ഭാരവാഹികൾ തിരുവാഭരണത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്ന് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിച്ച തിരുവാഭരണം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് മാറ്റി.
ഇനി ഭക്തർ കാത്തുനിന്ന് ദീപാരാധനയും മകരവിളക്ക് ദർശനവുമാണ്. ദീപാരാധന സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുക.
മകരവിളക്ക് ദർശനത്തിന് ശേഷം തിരവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴുന്നതിനായും നിരവധി ഭക്തരാണ് സന്നിധാനത്ത് തങ്ങുന്നത്. തിരക്ക് വർധിച്ചത് പരിഗണിച്ച് വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. വലിയ നടപ്പന്തലിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ ഭക്തലക്ഷങ്ങൾ ‘സ്വാമിയേ ശരണമയ്യപ്പാ’ വിളികളാൽ സന്നിധാനത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്,. പന്തളം കൊട്ടാരത്തിൽ നിന്നും അച്ഛൻ മകന് നൽകിയ ആഭരണങ്ങൾ അണിയുന്നതോടെ ഭഗവാൻ യോഗിയിൽ നിന്ന് യോദ്ധാവായി മാറുന്ന അപൂർവ്വ നിമിഷത്തിനായാണ് ഭക്തർ കാത്തിരിക്കുന്നത്.
വലിയ നടപ്പന്തലിലൂടെ എത്തിയ തിരുവാഭരണങ്ങൾ, ആഴിക്ക് സമീപമുള്ള ആൽത്തറയിൽ വട്ടമിട്ട് പ്രദക്ഷിണം വെച്ച ശേഷമാണ് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിയത്.
പ്രധാനമായും മൂന്ന് പെട്ടികളായാണ് തിരുവാഭരണം കൊണ്ടുവരുന്നത്. ഒന്നാമത്തെ പെട്ടിയിൽ ഭഗവാന് ചാർത്താനുള്ള തിരുവാഭരണങ്ങളും, രണ്ടാമത്തെ വെള്ളിപ്പെട്ടിയിൽ മാളികപ്പുറത്തമ്മയുടെ പൂജയ്ക്കുള്ള സ്വർണ്ണക്കുടങ്ങളും സാമഗ്രികളുമാണുള്ളത്.
















