ദോഹ: ഇറാനിലെ സംഘർഷം വഷളാകുന്ന സാഹചര്യം പരിഗണിച്ച് മുൻകരുതലായി മേഖലയിലെ പ്രധാന താവളങ്ങളിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ നിന്ന് അമേരിക്ക പ്രധാനമായും സൈന്യത്തെ പിൻവലിക്കുന്നതെന്നാണ് സൂചന.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് ഖത്തറിലേത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ആക്രമണം അഴിച്ചുവിടുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ അമേരിക്ക നിർണായക നീക്കങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനിയൻ പ്രതിഷേധക്കാരോട് ‘പ്രതിഷേധം തുടരാൻ’ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഇറാനിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സംഘർഷമാണുള്ളത്. ഈ സാഹചര്യത്തിൽ യുഎസ് ഇടപെടലുകൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
















