ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പപാളി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിലുള്ള തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കട്ടിളപാളി കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തീരുമാനം.
കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഈ തട്ടിപ്പിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ ഒപ്പിട്ടത് വഴി ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചതിനെക്കുറിച്ചും അന്വേഷണം വ്യാപിച്ചു. തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ വാജി വാഹനം കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയതോടെയാണ് ഈ വിഷയത്തിലും ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. കൊടിമരം മാറ്റുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
















