ആരെയും സമ്മർദ്ദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരില്ലെന്നും, യുഡിഎഫുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർ മുന്നണിയിലേക്ക് വരുന്നത് അവരുടെ സ്വന്തം ആവശ്യപ്രകാരമായിരിക്കണമെന്നും, അല്ലാതെ ഒരാളെപ്പോലും നിർബന്ധിച്ച് കൊണ്ടുവരാൻ നേതൃത്വം നിൽക്കില്ലെന്നും മുന്നണി കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. മുന്നണിയിലേക്ക് വരണമെന്ന് ആഗ്രഹമുള്ളവർ അത് ഇങ്ങോട്ട് ആവശ്യപ്പെടണമെന്നും അല്ലാതെ അങ്ങോട്ടുപോയി ചർച്ചകൾ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി വരുന്നുവെന്ന് പറയുന്നത് മാധ്യമങ്ങളാണെന്നും അത്തരം വാർത്തകളുടെ ഉറവിടം എവിടെനിന്നാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണം സംബന്ധിച്ച് ഓരോ ദിവസവും ചർച്ചകൾ നടത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ അതത് പാർട്ടികളുടെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. മാണി സി. കാപ്പൻ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാലാ എംഎൽഎയായ അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ട് യാതൊരു ആലോചനയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















