അവതാരികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വർഷയുടെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. മഹീന്ദ്രയുടെ ഥാർ റോക്സ് സ്വന്തമാക്കി താരം. കൊച്ചിയിലെ മഹീന്ദ്ര ഡീലർഷിപ്പിൽ കുടുംബത്തോടൊപ്പമെത്തിയാണ് വർഷ പുതിയ വാഹനം ഒപ്പം കൂട്ടിയത്. വെള്ള നിറമാണ് ഥാർ റോക്സിനായി താരം തിരഞ്ഞെടുത്തത്. വാഹനത്തിനോടൊപ്പമുള്ള ചിത്രങ്ങൾ വർഷ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ് ഥാർ റോക്സ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയുണ്ട് വില.
മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4×2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്.
















