മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സ്റ്റാലിന്‍ ശിവദാസ്’. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് നടനും നിർമാതാവുമായ പി. ദിനേശ് പണിക്കർ ആണ്. പൊളിറ്റിക്കല്‍ ത്രില്ലറായിരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ഇപ്പോഴിതാ ‘സ്റ്റാലിന്‍ ശിവദാസ്’ തനിക്ക് പൊൻകുഞ്ഞ് തന്നെയായിരുന്നുവെന്ന് പറയുകയാണ് ദിനേശ് പണിക്കർ. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.
‘1999-ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമിച്ച രാഷ്ട്രീയപശ്ചാത്തലമുള്ള, ആദ്യം ‘ചെങ്കൊടി’ എന്ന പേരിട്ട ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. വിജയച്ചിത്രമായില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’ എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സർ, മണിയൻ പിള്ളരാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു’, ദിനേശ് പണിക്കർ കുറിച്ചു.
ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യത്തിന് കമന്റ് ബോക്‌സിൽ ദിനേശ് പണിക്കർ മറുപടി നൽകി. ‘ഇത് ഇപ്പോൾ പോസ്റ്റ് ചെയ്യാൻ കാരണം?’, എന്ന ചോദ്യത്തിന് പ്രത്യേക കാരണമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ എല്ലാ സിനിമകളേ പറ്റിയും പറയുന്ന കൂട്ടത്തിൽ സ്റ്റാലിൻ ശിവദാസിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ അറുപതുലക്ഷം രൂപ നഷ്ടമായല്ലേ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഒരാൾക്ക് ദിനേശ് പണിക്കർ നൽകിയ മറുപടി. 15 ദിവസംകൊണ്ട് പൂർത്തിയാക്കിയ സിനിമയല്ലേയെന്ന് ചോദിച്ചപ്പോൾ, 25 ദിവസമെടുത്തുവെന്നും ഒട്ടുമുക്കാൽ ദിവസങ്ങളിലും ഡബിൾ യൂണിറ്റ് ചിത്രീകരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടി. ദാമോദരന്റെ തിരക്കഥയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ‘സ്റ്റാലിൻ ശിവദാസ്’, സുരേഷ് ഗോപി ചിത്രം ‘പത്ര’ത്തിനൊപ്പമായിരുന്നു റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ ‘കിരീടം’ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ ദിനേശ് പണിക്കർ നിർമിച്ചിട്ടുണ്ട്. പിന്നീട് നടനായി തിളങ്ങിയ ദിനേശ് പണിക്കർ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്.
















