യുവതലമുറയെ ലക്ഷ്യമിട്ട് പുത്തന്‍ ഇ സ്‌കൂട്ടറുമായി ബജാജ്. ചേതക് സി25 എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് 91,399 രൂപയാണ് ബജാജ് വില വരുന്നത്. സി25ന്റെ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. 2.5kWh ബാറ്ററിയും 113 കിലോമീറ്റര്‍ റേഞ്ചും മെറ്റല്‍ ബോഡിയുമാണ് സി25ന്റെ പ്രധാന സവിശേഷതകള്‍.
ചേതക്കിന്റെ ജനപ്രിയമാവാന്‍ സാധ്യതയുള്ള മോഡല്‍ പുറത്തിറക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അധിക ബുക്കിങുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട മുന്‍കരുതലുകള്‍ കമ്പനിയെടുത്തിട്ടുണ്ടെന്നാണ് ബജാജ് ഓട്ടോ ഇവി ടു, ത്രീ വീലര്‍ ജനറല്‍ മാനേജര്‍ റിഷബ് ബജാജ് അറിയിക്കുന്നത്. ഗുണനിലവാരത്തില്‍ കുറവു വരുത്താതെ താങ്ങാവുന്ന വിലയിലുള്ള ചേതക് സ്‌കൂട്ടറെന്ന നിലയിലാണ് പുതിയ മോഡലിന്റെ വരവ്. കൂടുതല്‍ പേരിലേക്ക് ചേതക്കിനെ എത്തിക്കാന്‍ പുതിയ സി25ന്റെ വരവു വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് കൂടുതല്‍ വിപണി പിടിക്കാന്‍ ചേതക് ശ്രമിക്കുമെന്നും ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചു.
കൂടുതലായി യുവജനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സി25 ബജാജ് പുറത്തിറക്കുന്നത്. സമര്‍ഥമായി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുതു മോഡലിന്റെ വില പിടിച്ചു നിര്‍ത്താന്‍ സഹായിച്ചിരിക്കുന്നത്. കൂടുതല്‍ ജനകീയമായ മോഡല്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള വൈദ്യുത സ്‌കൂട്ടര്‍ ബ്രാന്‍ഡായി മാറുകയാണ് ലക്ഷ്യം. നിലവില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പനയില്‍ ടിവിഎസ് മോട്ടോഴ്‌സിന് പിന്നില്‍ രണ്ടാമതാണ് ബജാജ് ഓട്ടോ.
നിലവില്‍ 35, 30 എന്നിങ്ങനെ രണ്ടു സീരീസുകളിലായാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ലഭിക്കുന്നത്. രണ്ട് സീരീസുകളിലായി 3001, 3503, 3502, 3501 എന്നിങ്ങനെ നാല് വകഭേദങ്ങളുമുണ്ട്. 99,990 രൂപ മുതല്‍ 1.27 വരെയാണ് വില വരുന്നത്. ആറു വര്‍ഷം കൊണ്ട് ആറു ലക്ഷം ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ബജാജിന് സാധിച്ചിരുന്നു. ഇതില്‍ 2025ല്‍ മാത്രം 2.80 ലക്ഷം ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് വിറ്റത്. ബജാജ് ചേതക്കിന്റെ 40% ഉപഭോക്താക്കളും 35 വയസില്‍ താഴെ പ്രായമുള്ളവരാണ്.
പുതിയ സ്‌കൂട്ടറായ സി25ന് 22 കിലോഗ്രാം ഭാരം കുറവാണ്. 2.5kWh ബാറ്ററി 113 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പരമാവധി വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍. 25 ലീറ്റര്‍ ബൂട്ട്‌സ്‌പേസുള്ള സി25ന് രണ്ടേകാല്‍ മണിക്കൂറില്‍ 80% ചാര്‍ജിലേക്കെത്താനുമാവും. തിരക്കേറിയ നഗരങ്ങളില്‍ അനായാസം യാത്ര ചെയ്യാന്‍ സഹായിക്കുന്ന മോഡലായാണ് ചേതക് സി25നെ ബജാജ് അവതരിപ്പിക്കുന്നത്. പ്ലാസ്റ്റിക്കിനും ഫൈബറിനും പകരം കൂടുതല്‍ ആയുസും കരുത്തുമുള്ള മെറ്റല്‍ ബോഡിയാണെന്നതും ചേതക്കിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്.
















