ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി വിധി ഇന്ന്. ഇന്നലെ നടന്ന വാദത്തിനു ശേഷമാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അരുന്ധതി ദിലീപ് വിധി പറയുന്നതു മാറ്റിയത്. അടച്ചിട്ട കോടതിമുറിയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും നീണ്ട വാദപ്രതിവാദങ്ങൾ നടന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി എം.ജി.ദേവിയാണ് ഹാജരായത്.
അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ വാദം അടച്ചിട്ട കോടതിമുറിയിൽ വേണമെന്ന് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേട്ട് പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിനോട് വാദം അടച്ചിട്ട കോടതിമുറിയിൽ വേണോയെന്നു ചേദിച്ചു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിൽ ആകാമെന്നു അറിയിച്ചു. ഇതോടെ കേസ് പിന്നീട് വിളിക്കാൻ മാറ്റി. കോടതിമുറിയിൽ നിന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കിയാണു വാദം തുടങ്ങിയത്.
രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.
















