ജോലിസ്ഥലത്തെ നിസ്സാര തർക്കത്തിന്റെ പേരിൽ സഹപ്രവർത്തകയോട് ക്രൂരത കാട്ടിയ ഇരുപതുകാരന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. ഒരു കഫേയിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് അക്രമാസക്തമായ സംഭവങ്ങളിൽ കലാശിച്ചത്.
അക്രമത്തിൽ പരിക്കേറ്റ യുവതിയുടെ ശരീരത്തിന് അഞ്ച് ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ഒരു കഫേയിലെ ഓർഡറുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിയും യുവതിയും തമ്മിൽ തർക്കം ആരംഭിച്ചത്. ജോലിത്തിരക്കിനിടയിൽ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസം പെട്ടെന്ന് രൂക്ഷമാകുകയായിരുന്നു.
പ്രകോപിതനായ പ്രതി യുവതിയെ മർദ്ദിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു ജീവനക്കാർ ഉടൻ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി രംഗം തണുപ്പിച്ചതാണ്.
പ്രശ്നങ്ങൾ അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് പ്രതി വീണ്ടും ക്രൂരമായ ആക്രമണം നടത്തിയത്. യുവതിയെ പേര് വിളിച്ച ശേഷം, അവർ തിരിഞ്ഞുനോക്കിയ തക്കത്തിന് കഫേയിൽ കരുതിയിരുന്ന തിളച്ച വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.അപ്രതീക്ഷിതമായ ഈ നീക്കത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇതിനു പുറമെ, കഫേയ്ക്ക് വെളിയിൽ വെച്ച് ലോഹം കൊണ്ടുള്ള വാട്ടർ ഹീറ്റർ ഉപയോഗിച്ചും ഇയാൾ യുവതിയെ മർദ്ദിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതമായ ആക്രമണത്തെ ഗൗരവമായി കണ്ടുകൊണ്ടാണ് കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്.
















