മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയയുടെ ബലാത്സംഗ വിരുദ്ധ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബലാത്സംഗത്തെ ജാതിയുമായും മതഗ്രന്ഥങ്ങളുമായും ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ പ്രസ്താവനകൾക്കെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീസുരക്ഷയെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജാതീയവുമായ പരാമർശങ്ങൾ നടത്തി മധ്യപ്രദേശിലെ ഭാണ്ഡേർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ വിവാദത്തിൽ.
ഇന്ത്യയിലെ ബലാത്സംഗങ്ങൾക്കും പിഞ്ചുകുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുന്നതിനും പിന്നിൽ ചില വിശ്വാസങ്ങളും മനോനിലകളുമാണെന്ന ബരൈയയുടെ വാദമാണ് പ്രതിഷേധത്തിന് കാരണമായത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു എംഎൽഎയുടെ വിവാദ വെളിപ്പെടുത്തലുകൾ. മനോഹരിയായ ഒരു സ്ത്രീയെ കാണുന്നത് പുരുഷന്റെ മനസ്സിനെ വ്യതിചലിപ്പിക്കുമെന്നും അത് ബലാത്സംഗത്തിന് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, ദളിത്-പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ജാതിയുമായി ബന്ധപ്പെടുത്തിയും അദ്ദേഹം സംസാരിച്ചു.
”എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ പൊതുവെ മനോഹരികളല്ല, എന്നിട്ടും അവർ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇത് അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കാരണമാണ്.
ഇത്തരം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തീർത്ഥാടനത്തിന് തുല്യമായ പുണ്യം നൽകുമെന്ന് എവിടെയോ എഴുതപ്പെട്ടിട്ടുണ്ട്. തീർത്ഥാടനത്തിന് പോകാൻ കഴിയാത്തവർ വീട്ടിൽ വെച്ച് ഇത്തരത്തിൽ പുണ്യം നേടാൻ ശ്രമിക്കുന്നു. ഇതാണ് പിഞ്ചുകുഞ്ഞുങ്ങൾ പോലും ആക്രമിക്കപ്പെടാൻ കാരണം,” ബരൈയ പറഞ്ഞു.
സ്ത്രീയുടെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്ന വിചിത്രമായ വാദവും അദ്ദേഹം അഭിമുഖത്തിൽ ഉന്നയിച്ചു.
ബരൈയയുടെ പ്രസ്താവന പുറത്തുവന്നതോടെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. സ്ത്രീകളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതും ബലാത്സംഗത്തെ ന്യായീകരിക്കുന്നതും ക്രിമിനൽ മനോനിലയുടെ തെളിവുമാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു.
വിവാദം കൊഴുത്തതോടെ സ്വന്തം പാർട്ടിയും എംഎൽഎയെ തള്ളിപ്പറഞ്ഞു. ബലാത്സംഗത്തെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി വ്യക്തമാക്കി. വിവിധ സാമൂഹിക സംഘടനകളും ബരൈയയുടെ മാപ്പപേക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
















