ഭിന്നശേഷി എന്നത്, ഒന്നിന്റെയും അവസാനല്ല. അത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു സംഭവാന ചെയ്യുന്നവരുടെ കൂടെ അടയാളമാണ്. ഭിന്നശേഷി എന്നത് ഒരാളുടെ കുറവുമല്ല. ശാരീരികമോ മാനസികമോ ആയ സവിശേഷതകള്‍ ഉള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ നല്‍കാത്ത സമൂഹത്തിന്റെ പോരായ്മയാണ്. അവര്‍ക്ക് വേണ്ടത് തുല്യമായ അവസരങ്ങളും പരിഗണനയുമാണ്. അതാണ് ഭിന്നശേഷിക്കാരായ പ്രതിഭകളെ കണ്ടെത്താനും അവരിലെ കഴിവുകളെ ഉയര്‍ത്തിക്കൊണ്ടു വരാനും സാമൂഹ്യനിതീ വകുപ്പ് ‘സവിശേഷ’ കൊണ്ടുദ്ദേശിക്കുന്നത്. 19 ന് ആരംഭിച്ച് രണ്ടു പകലിരവുകള്‍ ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ഭിന്നശേഷി പ്രതിഭകളുടെ കലാ-കായിക കഴിവുകളുടെ മാറ്റുരയ്ക്കല്‍ തലസ്ഥാനത്തിന് വേറിട്ടൊരു അനുഭവമാകും.
ഈ സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നിരവധി ഭിന്നശേഷി പ്രതിഭകള്‍ എത്തും. സമൂഹം മൂല്യം കല്‍പിക്കാന്‍ മടിക്കുമ്പോഴും കല-കായിക-തൊഴില്‍ മേഖലകളിലെല്ലാം മികവ് പുലര്‍ത്താന്‍ ശേഷിയുള്ളവരാണ് ഇവരെല്ലാം. അപകര്‍ഷതയോടെ വീടുകളില്‍ തടഞ്ഞുവെക്കുന്നതിനു പകരം വിദ്യാഭ്യാസവും കഴിവുകള്‍ക്ക് പരിപോഷണവും നല്‍കിയാല്‍ ഭിന്നശേഷി സമൂഹം സ്വയംപര്യാപ്തത കൈവരിക്കുകതന്നെ ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ വിജയം കണ്ടിട്ടുമുണ്ട്.
മൂന്നു ദവിസം കൊണ്ട് നടത്തപ്പെടുന്ന ഇവന്റുകളില്‍ നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. അതിന്റെ തുടക്കം അറിയിച്ച് ഇന്ന് ഫ്‌ളാഷ് മോബ്. ആട്ടവും പാട്ടുമായി ഇത്തിരി നേരം അവര്‍ നഗരത്തിലുണ്ടാകും. നാളെ കഴിഞ്ഞ് അവരെത്തും. കഴിവിന്റെ മാറ്റുരച്ച് തനി തങ്കമാകാന്‍. അവരെ ചേര്‍ത്തു നിര്‍ത്തി വിജയികളെയും മത്സരാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ടാലന്റ് ഫെസ്റ്റിലും ജോബ് ഫെയറിലും സ്‌പോര്‍ട്‌സ് ഇവന്റിലും എക്‌സിബിഷനിലുമെല്ലാം അവര്‍ പങ്കെടുക്കട്ടെ. അവര്‍ക്കൊപ്പം കൂടെ നില്‍ക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയണം. അങ്ങനെ അവരുടെ കലാ-കായിക മേള ഒരു സവിശേഷ സംഗമമായി എന്നും ഓര്‍മ്മിക്കാന്‍ പാകത്തിന് ഉയര്‍ത്തിയെടുക്കാന്‍ കഴിയട്ടെ.
















