കോഴിക്കോട് ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന ആവശ്യവുമായി കമ്മിഷണർക്ക് പരാതിനൽകി. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കൂടാതെ പരാതി കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും കൈമാറുമെന്ന് ദീപകിന്റെ കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസം ജോലിയാവശ്യാർത്ഥം ദീപക് ബസിൽ യാത്രചെയ്യുകയായിരുന്നു. ആ സമയത്താണ് ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതി തന്നെ സ്പർശിച്ചു എന്ന് ആരോപിച്ചു വീഡിയോ ചിത്രീകരിക്കുന്നത്. കൂടാതെ യുവതി അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ സംഭവത്തിൽ മനം നൊന്തായിരുന്നു ദീപക് ആത്മഹത്യ ചെയ്തത്. ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.
ദീപകിന്റെ മരണത്തിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്. യുവതിക്കെതിരേ വൻതോതിൽ സൈബറാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ, രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ഓൾകേരള മെൻസ് അസോസിയേഷൻ സംഘടന ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകുമെന്നാണ് വിവരം.
















