കോഴിക്കോട് ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ.
യുവതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അഡ്വക്കേറ്റ് ശ്രീജിത്ത് മുഖേന ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ഇന്ന് തന്നെ ഇതിൽ ഉത്തരവ് നേടാനാണ് ശ്രമിക്കുന്നതെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു.
ദീപക്കിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് പ്രതിഷേധം രേഖപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും താൻ എത്തുമ്പോഴേക്കും സംസ്കാരം കഴിഞ്ഞിരുന്നതായി അജിത് കുമാർ പറഞ്ഞു. പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യുന്നത് വരെ ദീപക്കിന്റെ മൃതദേഹം ആ പെൺകുട്ടിയുടെ വീടിന് മുന്നിൽ വെക്കണമെന്നായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതി പുറത്തുവിട്ട വീഡിയോയിൽ ദീപക്കിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പെരുമാറ്റമില്ലെന്നും പെൺകുട്ടി മനഃപൂർവം ദീപക്കിന് അരികിലേക്ക് വരുകയായിരുന്നുവെന്നുമാണ് അസോസിയേഷൻ ആരോപിക്കുന്നത്. മുൻപ് സമാനമായ രീതിയിൽ അപവാദ പ്രചാരണം നടത്തിയ മറ്റൊരു പെൺകുട്ടിക്കെതിരെ നൽകിയ പരാതിയിൽ പോലീസ് സമയത്തിന് നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ദീപക്കിന് ഈ ഗതി വരില്ലായിരുന്നുവെന്ന് അജിത് കുമാർ കുറ്റപ്പെടുത്തി.
ദീപക്കിന്റെ വിയോഗത്തിൽ തളർന്നിരിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ ഏറെ ദയനീയമാണെന്നും അവരുടെ ഏക മകനായിരുന്നു ദീപക്കെന്നും അദ്ദേഹം പറഞ്ഞു. കളക്ടർക്കും പോലീസിനും ഹൈക്കോടതിക്കും പരാതി നൽകി ഈ കേസിൽ നീതി ഉറപ്പാക്കും. സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി ഇത്തരത്തിൽ പുരുഷന്മാരെ വേട്ടയാടുന്ന പ്രവണത ഇനി ഒരു പെൺകുട്ടിയും ആവർത്തിക്കരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെൻസ് അസോസിയേഷൻ വ്യക്തമാക്കി.
















