യുക്രെയ്ൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന നടപടിക്കെതിരെ പോളണ്ടിന് കർശന മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട് പോളണ്ട് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ റാഡോസ്ലാവ്‍ സിക്കോർസ്‌കിയോട് ഇന്ത്യയുടെ ശക്തമായ വിയോജിപ്പ് അറിയിച്ചത്.
അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന് നേരിട്ടോ അല്ലാതെയോ ലഭിക്കുന്ന പിന്തുണ രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കണമെന്നും ഭീകരർക്ക് സഹായകരമാകുന്ന ഒരു നിലപാടും പോളണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ കൂടിക്കാഴ്ചയിലൂടെ ഇന്ത്യ നൽകിയത്.
വിമർശനങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം (Strategic Partnership) ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി. 2024 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് സന്ദർശിച്ച വേളയിലാണ് ഈ സഹകരണത്തിന് അടിത്തറ പാകിയത്. പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, ഡിജിറ്റൽ നവീകരണം, വ്യാപാരം എന്നീ മേഖലകളിൽ 2024-2028 കാലയളവിലേക്കുള്ള കർമ്മപദ്ധതി ഇരു നേതാക്കളും അവലോകനം ചെയ്തു.
മധ്യ യൂറോപ്പിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് പോളണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി വ്യാപാരം ഏകദേശം 7 ബില്യൺ യുഎസ് ഡോളറാണ്. കൂടാതെ, പോളണ്ടിലെ ഇന്ത്യൻ നിക്ഷേപം 3 ബില്യൺ ഡോളർ കവിഞ്ഞതായും ഇത് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും ജയശങ്കർ ചൂണ്ടിക്കാട്ടി. നിക്ഷേപ സൗഹൃദ നയങ്ങളിലൂടെ പോളിഷ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















