അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനം സ്ഥിരീകരിച്ച താലിബാൻ അധികൃതർ എന്നാൽ മരണസംഖ്യ പുറത്തുവിട്ടില്ല.
ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. ഒരു കുട്ടിയും നാലു സ്ത്രീകളുമുൾപ്പെടെ 20 പേർ ചികിത്സയിലുണ്ടെന്ന് കാബൂളിലെ ആശുപത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഗൾഫറോഷി തെരുവിൽ ചൈനീസ് റസ്റ്റോറന്റിനു സമീപമുള്ള ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. അനവധി വിദേശ പൗരന്മാർ താമസിക്കുന്ന മേഖലയാണിത്.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് അഫ്ഗാനിസ്ഥാനിൽ രൂപംകൊണ്ട ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറസാനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
















