ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഭാഗം ജില്ലാ കോടതിയെ സമീപിച്ചത്. അതേസമയം, മറ്റൊരു കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്.
അതേസമയം അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്നുമുള്ള രാഹുലിന്റെ വാദങ്ങൾ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി വിധി ഇന്നത്തെ വാദത്തിലും എം.എൽ.എയ്ക്ക് നിർണ്ണായകമാകും.
വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയതിനെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ ഒപ്പില്ലെന്ന വാദമുയർത്തിയെങ്കിലും ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കപ്പെടുന്ന കാലത്ത് നടപടിക്രമങ്ങൾ ശരിയാണെന്ന് കോടതി വിലയിരുത്തി.
ഡിജിറ്റൽ ഒപ്പിട്ട മൊഴി എംബസി മുഖേനയാണ് ലഭ്യമാക്കിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ, രാഹുൽ അനുകൂലികൾ പരാതിക്കാരിക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളെ ഭീഷണിയായാണ് കോടതി കണക്കിലെടുത്തത്.
















