ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017-ൽ ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് പോറ്റിയുടെ വീട്ടിൽ പോയതെന്നും അത് തികച്ചും വ്യക്തിപരമായ സന്ദർശനമായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും ദേവസ്വം മന്ത്രി എന്ന നിലയിലും വ്യക്തിപരമായും തനിക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് പോലീസ് അകമ്പടിയോടെ പോറ്റിയുടെ വീട്ടിൽ പോയതെന്നും അവിടെ നിന്നും ഒരു തരത്തിലുള്ള ഉപഹാരങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ഉദാരമതികളായ വ്യക്തികളിൽ നിന്ന് പാവപ്പെട്ടവർക്ക് സഹായം നൽകാറുണ്ടെങ്കിലും ഭാഗ്യത്തിന് പോറ്റിയിൽ നിന്ന് ഒരു സംഭാവനയും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോറ്റി തനിക്കെതിരെ മൊഴി നൽകിയതായി അന്വേഷണ സംഘം ഇതുവരെ അറിയിച്ചിട്ടില്ലെന്നും തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും എസ്.ഐ.ടിയോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും മുൻ മന്ത്രി അറിയിച്ചു.
















