ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയെ പ്രക്ഷുബ്ധമാക്കി. സഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ, പഴയകാല സംഭവങ്ങൾ ഓർമ്മിപ്പിച്ച് ഭരണപക്ഷവും ശക്തമായി തിരിച്ചടിച്ചു.
“സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ” എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പ്രതിപക്ഷത്തിന് അതേ നാണയത്തിൽ മറുപടി നൽകാൻ ഭരണപക്ഷവും തയ്യാറായി. “സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ” എന്ന് ഇവർ തിരിച്ചടിച്ചു.
പോറ്റിയെ ആര് കേറ്റി എന്ന് ചോദിക്കേണ്ടത് അടൂർ പ്രകാശിനോട് ആണ് എന്നും, കട്ടവരേയും വിറ്റവരേയും സോണിയ ഗാന്ധിയുടെ വീട്ടിൽ മാത്രമേ കാണാനാകു എന്നും എം.ബി. രാജേഷ് പറഞ്ഞു.
സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. സോണിയ ഗാന്ധിയെ പറ്റി പറയമെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ അടുത്ത് രണ്ട് വട്ടം എന്തിന് പോറ്റി പോയി എന്നും, സോണിയാ ഗാന്ധിയുടെ കയ്യിൽ കെട്ടിക്കൊടുത്ത സ്വർണം എവിടെ നിന്ന് കിട്ടിയതാണ് എന്നും ശിവൻകുട്ടി ചോദിച്ചു.
സാധാരണക്കാർക്ക് മുന്നിൽ സോണിയ ഗാന്ധിയുടെ ഗേറ്റ് തുറക്കപ്പെടുമോ എന്നായിരുന്നു വീണാ ജോർജിൻ്റെ ചോദ്യം. ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണ്. ഒരു നോട്ടീസ് പോലും നൽകാതെ ബഹളം വെക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷത്തിന് സഭ നടത്താതിരിക്കലാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തിന് സഭ നടക്കാതിരിക്കലാണ് ആവശ്യം എന്ന് തോന്നുന്നു. ചൊവ്വാഴ്ച സഭ ചേരുന്നതാണ് നല്ലത്. നാളെ നടക്കേണ്ട നടപടികൾ മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി സ്പീക്കറെ അറിയിച്ചു.
















