മുഖ്യമന്ത്രി പിണറായി വിജയന്റെ വർധിച്ചുവരുന്ന ജനപ്രീതി കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സമനില തെറ്റിയിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ജനങ്ങൾക്കിടയിൽ സർക്കാരിനുള്ള സ്വാധീനം പ്രതിപക്ഷത്തെ വലിയ രീതിയിൽ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന രൂക്ഷമായ പ്രതികരണങ്ങളെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന പല സർവേകളെയും പിആർ ഏജൻസികളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. കയ്യിൽ കോടിക്കണക്കിന് രൂപയുണ്ടെങ്കിൽ ഏതൊരു പിആർ ഏജൻസിയെ ഉപയോഗിച്ചും ആർക്കും തങ്ങൾക്കാണ് മുൻതൂക്കമെന്ന് വരുത്തിത്തീർക്കാൻ സാധിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. നിലവിൽ പ്രചരിക്കുന്ന സർവേകൾ ഏതെങ്കിലും സർക്കാരോ വിശ്വസനീയമായ സ്വതന്ത്ര ഏജൻസികളോ നടത്തിയ ഔദ്യോഗിക ഫലങ്ങളല്ലെന്നും വൻ തുക നൽകി ആർക്കും താനാണ് ഏറ്റവും മുന്നിലെന്ന രീതിയിൽ കൃത്രിമ സർവേ ഫലങ്ങൾ സൃഷ്ടിക്കാമെന്നും ശിവൻകുട്ടി ആരോപിച്ചു.
















