മലയാളികളുടെ പ്രിയ താരം ഭാവനയുടെയും ഭർത്താവ് നവീന്റെയും ഏഴാം വിവാഹ വാർഷികമാണ് ഇന്ന്. ഭർത്താവ് നവീന് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവച്ച മനോഹരമായ ചിത്രങ്ങളും കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടി. നവീനൊപ്പമുള്ള മിറർ സെൽഫികളാണ് നടി പോസ്റ്റ് ചെയ്തത്.
‘ഈ ദിവസം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഇത്രയും നാൾ നിന്നെ ശല്യം ചെയ്യുന്നത് ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരാൻ ഞാൻ എത്രമാത്രം ആവേശത്തിലാണെന്നും നീ അറിയണം. സന്തോഷവും, സ്നേഹവും, ഉല്ലാസവും, തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി’ എന്നായിരുന്നു വിവാഹ വാർഷിക ദിനത്തിൽ ഭാവനയുടെ വാക്കുകൾ.
2018 ജനുവരി 22നായിരുന്നു നടി ഭാവനയും കന്നഡ സിനിമ സംവിധായകൻ നവീനുമായുള്ള വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് തൃശൂരിൽ വച്ച് ഇരുവരും വിവാഹിതരായത്. ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തില്‍ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നവീൻ എന്നും ഭാവന മുൻപ് പറഞ്ഞിരുന്നു.
‘നവീൻ ഞാൻ പറയുന്നത് എപ്പോഴും മനസ്സിലാക്കാറുണ്ട്. എനിക്ക് എന്റേതായ ഇടം തരാറുണ്ട്. അതൊരു വലിയ ക്വാളിറ്റിയാണെന്ന് തോന്നാറുണ്ട്. ഓരോ പ്രശ്നത്തിൽനിന്നും കരയ്ക്കു കയറാൻ ഓരോരുത്തർക്കും ഓരോ തരം സമയമായിരിക്കും വേണ്ടത്. എനിക്ക് നവീൻ അത് തരാറുണ്ട്. ഒരാൾ വിഷമിച്ചിരിക്കുമ്പോൾ ‘നീ വേഗം ഓക്കേ ആകൂ’ എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഒരാളോട് ‘ചിരിക്ക് ചിരിക്ക്’ എന്ന് പറഞ്ഞാൽ ചിരി വരുമോ. അതുപോലെ വിഷമം ഒതുക്കാനും സമയം നൽകുന്നവരാണ് നല്ല കൂട്ട്. നവീൻ എനിക്ക് അതാണ്,’ ഭാവനയുടെ വാക്കുകൾ. നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന ‘അനോമി’യാണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
















