തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍. മുംബൈ എയര്‍പോര്‍ട്ടില്‍വെച്ച് മുംബൈ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് വൈകീട്ടോടെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മുംബൈയിൽ എത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങും. കേരളത്തിലെത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഉണ്ണികൃഷ്ണനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൂന്തുറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ രാജീവിന്റെ ഭാര്യ എസ്എല്‍ സജിത, മകള്‍ ഗ്രീമ എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു. താനും മകളും ജീവനൊടുക്കാന്‍ കാരണം ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ആറ് വര്‍ഷത്തോളമായി നേരിടുന്ന മാനസിക പീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പില്‍ പറയുന്നു.
















