പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികള്‍ക്കായുള്ള ആദ്യവേദിയില്‍ രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍ മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്‌ലാഗ് ഓഫ് ചെയ്യും.
ഇതേ ചടങ്ങില്‍ തന്നെയാണ് ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കുക. ലൈഫ് സയന്‍സസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷന്‍, സംരംഭകത്വ പരിശീലനം, ആയുര്‍വേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇന്‍കുബേഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്‌ഐആറില്‍ ഹബ്ബിനായി 10 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഈ ചടങ്ങുകള്‍ക്കു ശേഷം പാര്‍ട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും. ഉച്ചയോടെ അദ്ദേഹം മടങ്ങും.
കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.
ഔദ്യോഗിക ചടങ്ങിന് ശേഷം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.
കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
















