കോതമംഗലം, ഊന്നുകൽ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത കേസുകളിൽ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഈ കേസുകളുടെ അന്വേഷണ ചുമതല നിലവിൽ കുട്ടമ്പുഴ പൊലീസിനാണ്. കുട്ടമ്പുഴ പൊലീസ് ഇന്ന് തലശേരി സബ്ജയിലിലെത്തി പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കി ആയങ്കിയെ ഏറ്റെടുത്ത് എറണാകുളത്തേക്ക് കൊണ്ടുപോരുകയായിരുന്നു. ഇനി രണ്ടു കേസുകളിലും നിർണായക തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
അർജുൻ ആയങ്കിയുടെ ഫോൺ കണ്ടെത്തി; കണ്ടെടുത്തത് അഭിഭാഷകയുടെ വീട്ടിലെ ഷൂ റാക്കിൽനിന്ന്
നേരത്തെ ഒളിവിലായിരുന്ന ആയങ്കിയെ തളിപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തരമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളും ഭീഷണിയും ഉയർത്തിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. തുടർന്ന് തലശേരി കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നാലെ ഈ കേസിൽ തെളിവെടുപ്പിനും മറ്റുമായി ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇത് അവസാനിച്ചതോടെയാണ് എറണാകുളം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ കസ്റ്റഡിയിൽ വിട്ടത്.
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ഗുരുതരമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. സുഹൃത്തിന്റെ വിവാഹത്തിനു വന്ന തങ്ങളേയും കൂട്ടരേയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയും 21 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തുവെന്ന് കാട്ടിയായിരുന്നു അർജുൻ ആയങ്കിയുടെ ഭീഷണി. ഈ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങൾ വഴി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തത്. ഇതിനുപുറമെ, മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്.
















