ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി മയക്കികിടത്തിയ ഭർത്താവിനെ കാമുകനുമായി ചേർന്ന് യുവതി ശ്വാസംമുട്ടിച്ച് കൊന്നു. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരിയും ഗോപി എന്നയാളും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. ഇരുവരും ചേർന്ന് ശിവനാഗരാജുവിനെ കൊല്ലുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.
ഫൊറൻസിക് പരിശോധനയിലൂടെയാണ് യുവാവിന്റേത് സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും വെളിപ്പെട്ടത്.
സംഭവദിവസം, ഉറക്കഗുളിക പൊടിച്ചുചേർത്ത ബിരിയാണി തയാറാക്കി നൽകി മാധുരി ഭർത്താവിനെ ഉറക്കികിടത്തി. ഈ സമയം ഗോപിയെ മാധുരി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശിവനാഗരാജുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ കൃത്യം നടത്തിയതിനു പിന്നാലെ, ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന് യുവതി അയൽക്കാരോട് പറഞ്ഞു. എന്നാൽ മൃതദേഹത്തിൽ മുറിവുകളും രക്തക്കറകളും കണ്ടെത്തിയതോടെ ശിവനാഗരാജുവിന്റെ പിതാവും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകി.
ശ്വാസംമുട്ടലും നെഞ്ചിലേറ്റ പരിക്കുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് മാധുരിയെയും ഗോപിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















