യുക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ നിർണ്ണായക നീക്കം. യുക്രെയ്ൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രികക്ഷി ചർച്ചകൾക്ക് ഇന്ന് യുഎഇയിൽ തുടക്കമാകും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചർച്ചയിൽ മൂന്നു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. ചർച്ച ഉൽപ്പാദനക്ഷമവും അർത്ഥവത്തായതുമായിരുന്നുവെന്ന് സെലെൻസ്‌കി പ്രതികരിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ‘യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്. യുഎസ് – യുക്രെയ്‌ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ട്. യുക്രെയ്‌ൻ പൂർണ സത്യസന്ധതയോടും ദൃഢനിശ്ചയത്തോടും കൂടി പ്രവർത്തിക്കുന്നു. ഈ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും വിട്ടുവീഴ്ച ചെയ്യണം.- സെലെൻസ്കി പറഞ്ഞു.
















