തിരുവനന്തപുരം പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഇടവത്തായിരുന്നു സംഭവം. അശ്വിനും സനോജും പെരിങ്ങമ്മല ഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് റോഡിന് വശത്ത് നിന്നും പാഞ്ഞടുത്ത കാട്ടുപോത്ത് ഇവരുടെ ഓട്ടോയിൽ ആക്രമിക്കുന്നത്. ആക്രമണത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
















