ഇന്‍സോമ്നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന പ്രവാസി മലയാളിയുടെ പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയിക്കുമെതിരെ കേസെടുത്ത് പൊലീസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദര്‍ശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകന്‍ ജിസ് ജോയ് നാലാം പ്രതിയുമാണ്. നടന്‍ മോഹന്‍ലാലുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഇന്‍സോമ്‌നിയ പരിപാടിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് കൊച്ചി സ്വദേശിയില്‍ നിന്നും പണം തട്ടിയത്. ലാഭം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. രണ്ട് ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി പറയുന്നത്. അതേസമയം കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
താന്‍ ഷോയുടെ സംവിധായകന്‍ മാത്രമെന്ന് ജിസ് ജോയ് പ്രതികരിച്ചു. 50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല. യാതൊരു കരാറും ഇയാളുമായി ഉണ്ടാക്കിയിട്ടില്ലെന്നും വാസ്തവ വിരുദ്ധമായ പരാതിയാണെന്നും ജിസ് ജോയ് പ്രതികരിച്ചു. തന്റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പറഞ്ഞു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ഘട്ടമായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 35 ലക്ഷം രൂപ നല്‍കിയെന്നും തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നും കൊടുത്ത പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ബെന്നി വാഴപ്പള്ളി എന്ന സംരഭകന്‍ തട്ടിപ്പിനെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ബിസിനസ് ചെയ്യുന്ന ബെന്നി വാഴപ്പള്ളി, 2024-ല്‍ ഒരു പരിപാടിയുടെ ബുക്കിംഗുമായി ബന്ധപ്പെട്ടാണ് മെന്റലിസ്റ്റ് ആദിയെ പരിചയപ്പെടുന്നത്. തന്റെ വാക്ചാരുതയിലൂടെയും പ്രമുഖരുമായുള്ള ബന്ധം കാണിച്ചും ആദി പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തു. നടന്‍ മോഹന്‍ലാലുമായി തനിക്ക് അടുത്ത വ്യക്തിബന്ധവും സാമ്പത്തിക ഇടപാടുകളുമുണ്ടെന്ന് ആദി വിശ്വസിപ്പിച്ചു. ഇതിനായി മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തെളിവായി കാണിച്ചു. ‘INSOMNIA’ എന്ന പ്രോജക്റ്റില്‍ മോഹന്‍ലാലിന് പങ്കുണ്ടെന്നും ഇത് വലിയ ലാഭം നല്‍കുന്ന ഒന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി താല്‍ക്കാലിക വായ്പ ആവശ്യപ്പെട്ട ആദി, നിക്ഷേപിക്കുന്ന തുക ഉടന്‍ തിരികെ നല്‍കും, ലാഭത്തിന്റെ മൂന്നിലൊന്ന് വിഹിതം നല്‍കും, ബെന്നി വാഴപ്പള്ളിയുടെ ബ്രാന്‍ഡ് നെയിം ‘Producer’ ആയി ഉപയോഗിക്കാനും അതുവഴി വലിയ പ്രശസ്തി നേടിത്തരാമെന്നും വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച പരാതിക്കാരന്‍ 2025 ജൂലൈയില്‍ രണ്ട് ഘട്ടങ്ങളിലായി 35 ലക്ഷം രൂപ ആദിയുടെ അക്കൗണ്ടിലേക്ക് കൈമാറി. എന്നാല്‍ പരിപാടികള്‍ പൂര്‍ത്തിയായിട്ടും പണം തിരികെ നല്‍കാന്‍ ആദി തയ്യാറായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. 2025 ഒക്ടോബറില്‍ നടന്‍ ശങ്കറിനോടൊപ്പം മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.
‘INSOMNIA’ എന്ന പരിപാടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ ആദിയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പണം തിരികെ ചോദിച്ചപ്പോള്‍ ആദിയുടെ പെരുമാറ്റം മാറി. പൊലീസിലും ഉന്നത ഉദ്യോഗസ്ഥരിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നും, പരാതി നല്‍കിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്നും പറഞ്ഞ് ആദി ഭീഷണിപ്പെടുത്തി. ഈ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് താന്‍ നിയമനടപടിക്ക് മുതിര്‍ന്നതെന്ന് ബെന്നി വാഴപ്പള്ളി വ്യക്തമാക്കുന്നു.
സൈക്കോളജിക്കല്‍ ട്രിക്കുകളും മാജിക്കുകളും ഉപയോഗിച്ച്, ആളുകളുടെ ചിന്തകളെ സ്വാധീനിക്കുകയും എന്റര്‍ടൈന്‍മെന്റ് ഷോ സംഘടിപ്പിക്കുകയും ചെയ്യുന്ന ‘മെന്റലിസം’ എന്ന കലയിലൂടെ കേരളത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ആദര്‍ശ് കൊല്ലാടത്ത് എന്ന മെന്റലിസ്റ്റ് ആദി. ഇന്ത്യയിലും വിദേശത്തുമായി നിരവധി മെന്റലിസം ഷോകള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. സെലിബ്രിറ്റികളോടൊപ്പമുള്ള പ്രകടനങ്ങളും വിസ്മയിപ്പിക്കുന്ന വീഡിയോകളും വഴി സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഇദ്ദേഹം നേടിയെടുത്തു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരന്തരം പ്രത്യക്ഷപ്പെടാറുള്ള ഇദ്ദേഹം, ചലച്ചിത്ര മേഖലയില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടാറുണ്ട്.
















