വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം തിരിച്ചുപിടിക്കാൻ സർവ്വസജ്ജമായി മുന്നോട്ടുപോകാൻ കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് എ.ഐ.സി.സി ഹൈക്കമാൻഡിന്റെ നിർദ്ദേശം. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും, നേതാക്കൾ ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും നീങ്ങിയാൽ വൻ വിജയം സുനിശ്ചിതമാണെന്നും പാർട്ടി നേതൃത്വം വിലയിരുത്തി.
വെള്ളിയാഴ്ച ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ കഴിഞ്ഞ തവണ സംഭവിച്ച വീഴ്ചകൾ ഇക്കുറി ആവർത്തിക്കരുതെന്ന് രാഹുൽ ഗാന്ധി നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ നീണ്ടുപോയത് കാരണം പലർക്കും പ്രചാരണത്തിന് രണ്ടാഴ്ച പോലും സമയം ലഭിച്ചിരുന്നില്ല.
ഇത്തവണ അത്തരം കാലതാമസം ഒഴിവാക്കി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും വിജയസാധ്യതയുള്ളവർക്ക് മാത്രം അവസരം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ശബരിമല വിഷയം അടക്കമുള്ള ജനവികാരങ്ങളെ തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം. വിവാദ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള ജനരോഷം വോട്ടാക്കി മാറ്റാൻ നേതാക്കൾ താഴെത്തട്ടിൽ സജീവമായി ഇടപെടണം.
ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് മണ്ഡലങ്ങളിൽ ജനസ്വാധീനമുള്ളവർക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇത്തവണ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 27-ന് തിരുവനന്തപുരത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇതിന് പിന്നാലെ ഫെബ്രുവരി ആറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാസർകോട് കുമ്പളയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന രാഷ്ട്രീയ യാത്ര ആരംഭിക്കും.
ഈ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കാനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം.
















