പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ.
അനുമതിയില്ലാതെ പ്രചാരണ സാമഗ്രികൾ സ്ഥാപിച്ചതിന് 20 ലക്ഷം രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ബിജെപി ജില്ലാ പ്രസിഡന്റിന് നോട്ടീസ് നൽകി. ബിജെപി ഭരണസമിതി തന്നെ നയിക്കുന്ന നഗരസഭ സ്വന്തം പാർട്ടിക്കെതിരെ ഇത്രയും വലിയ തുക പിഴ ചുമത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
വിമാനത്താവളം മുതൽ പുത്തരിക്കണ്ടം മൈതാനം വരെയുള്ള പ്രധാന റോഡുകളിലും നടപ്പാതകളിലും ഡിവൈഡറുകളിലും നിയമവിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ, രണ്ട് മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.
നഗരസഭയുടെ അന്ത്യശാസനത്തെത്തുടർന്ന് നടപ്പാതകൾക്ക് കുറുകെ സ്ഥാപിച്ച ബോർഡുകൾ ബിജെപി പ്രവർത്തകർ നീക്കം ചെയ്തെങ്കിലും, റോഡ് സൈഡുകളിലെയും ഡിവൈഡറുകളിലെയും ബോർഡുകൾ മാറ്റാൻ തയ്യാറായില്ല.
ഹൈക്കോടതിയുടെ കർശന ഉത്തരവുകൾ നിലനിൽക്കെ, പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ നിലനിർത്തിയത് അധികൃതരെ പ്രകോപിപ്പിച്ചു. തുടർന്നാണ് റവന്യൂ വിഭാഗം സ്ഥലത്തെത്തി ബോർഡുകളുടെ കൃത്യമായ കണക്കെടുക്കുകയും ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കാൻ തീരുമാനിക്കുകയും ചെയ്തത്.
നഗരസഭയുടെ ഭരണം ബിജെപിക്കാണെങ്കിലും നിയമലംഘനങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സെക്രട്ടറി നോട്ടീസ് അയച്ചത്. വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള ദൂരപരിധിയിൽ സ്ഥാപിച്ച ഓരോ അനധികൃത ബോർഡിനും നിശ്ചിത തുക നിരക്കിലാണ് പിഴ കണക്കാക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടലുകളും നിരീക്ഷണവും ഉള്ളതിനാലാണ് ഉദ്യോഗസ്ഥർ ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നാണ് സൂചന.
















