വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് ജനവിധി തേടാൻ ഒരുങ്ങുന്നതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് അഴിച്ചുപണിക്ക് സാധ്യത. പേരാവൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അധ്യക്ഷ ചുമതല മറ്റൊരാൾക്ക് കൈമാറാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ഈ മാറ്റം ഉണ്ടാകാനാണ് സാധ്യത.
സണ്ണി ജോസഫിന് പകരക്കാരനായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിൽ സുരേഷ്, മുതിർന്ന നേതാവ് കെ.സി. ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലുള്ളത്. എൽ.ഡി.എഫിനെ നേരിടാൻ സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
കൊടിക്കുന്നിൽ സുരേഷിന് നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും, എംപിമാർ ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുധാരണ അദ്ദേഹത്തിന് തിരിച്ചടിയായേക്കാം. അതേസമയം, സമുദായ സംഘടനകളുമായുള്ള അടുത്ത ബന്ധം കെ.സി. ജോസഫിന് അനുകൂല ഘടകമാണ്. ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനാക്കാനാണ് പാർട്ടിയിലെ പൊതുവികാരം.
അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വോട്ടായി മാറ്റാൻ കഴിയുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മിക്ക സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിച്ച് ഭരണം പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
















