ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാറിലെ സിങ്‌പോര മേഖലയിലാണ് മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഭീകരരാണ് ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്.
റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് അതിർത്തി മേഖലകളിൽ സുരക്ഷാ വിന്യാസവും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതും സൈന്യം പ്രദേശം മൊത്തം വളഞ്ഞതും.
ഭീകരർക്ക് പ്രദേശം വിട്ടു പുറത്തുപോകാൻ കഴിയാത്ത രീതിയിൽ എല്ലാ വഴികളും അടച്ച് പഴുതടച്ചുള്ള പരിശോധനയിലാണ് സൈന്യത്തിന്റെ പാരാ സ്പെഷ്യൽ ഫോഴ്‌സിലെ സൈനികർ. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിശദാംശങ്ങൾ സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
















