ഒരുകാലത്ത് പ്രണയം എന്നത് ദിവ്യമായ ഒരു അനുഭൂതിയായിരുന്നു. പരസ്പരം കാണുന്നതും ഇഷ്ടം കൈമാറുന്നതും ഒടുവിൽ ചിലത് ജീവിതത്തിലേക്കും ചിലത് വേദനയോടെ പിരിയലിലേക്കും എത്തുമായിരുന്നു. അന്ന് പ്രണയത്തിൽ ഒരു പക്വതയുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മൾ കാണുന്ന പ്രണയത്തിന് പകയുടെയും രക്തത്തിന്റെയും ഗന്ധമാണ്.
പ്രണയം സ്വീകരിച്ചാലും നിരസിച്ചാലും, വിവാഹം കഴിക്കാൻ ഒരുങ്ങിയാലും മടികാണിച്ചാലും ഒടുവിൽ എത്തിനിൽക്കുന്നത് കൊലപാതകത്തിലാണ്. കൊല്ലാൻ കാരണങ്ങൾ തേടി നടക്കുകയാണ് ഇന്ന് കാമുകനെന്ന പേരിൽ ചുറ്റുമുള്ള ചില ഹിംസ്രമൃഗങ്ങൾ.
പ്രണയിക്കുന്നത് തെറ്റല്ല, പക്ഷേ നമ്മൾ പ്രണയിക്കാൻ തിരഞ്ഞെടുക്കുന്ന വ്യക്തിയാണ് ഏറ്റവും പ്രധാനം. പ്രണയത്തിന്റെ പേരിൽ അന്ധമായ വിശ്വാസം പുലർത്തി സ്വന്തം സ്വകാര്യ ചിത്രങ്ങൾ കൈമാറുന്നവരും ഒന്ന് ഓർക്കുക—നിങ്ങളുടെ ആ വലിയ വിശ്വാസം നാളെ നിങ്ങളുടെ മരണത്തിലേക്കുള്ള വഴിയായി മാറരുത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന അത്തരമൊരു ക്രൂരതയ്ക്കാണ് 2024-ൽ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. വിശ്വാസത്തെ ചതികൊണ്ട് നേരിട്ട ആ കഥ
കനത്ത മഴയിൽ കുതിർന്നു നിൽക്കുകയായിരുന്നു മഹാരാഷ്ട്രയിലെ ഉരൻ. 2024 ജൂലൈ 25-ന്റെ ആ രാത്രി, ഉരൻ പോലീസ് സ്റ്റേഷനിലേക്ക് ഒരു പിതാവ് ഓടിക്കയറി വന്നു. പേര് സുരേന്ദ്ര കുമാർ. ബെലാപ്പൂരിലെ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന തന്റെ 20 വയസ്സുകാരി മകൾ യശശ്രീ ഷിൻഡെയെ കാണാനില്ലെന്നതായിരുന്നു ആ പരാതി.
“സുഹൃത്തുക്കളെ കാണാൻ പോകുന്നു” എന്ന് പറഞ്ഞ് ഉച്ചയ്ക്ക് ഇറങ്ങിയ മകളുടെ ഫോൺ സ്വിത് ഓഫ് ആയി. ഒരു അച്ഛന്റെ ആധിയിൽ തുടങ്ങിയ ആ അന്വേഷണം അവസാനിച്ചത് നാടിനെ നടുക്കിയ ഒരു കാഴ്ചയിലായിരുന്നു.
പിറ്റേന്ന് പുലർച്ചെ 2:20-ഓടെ പോലീസിന് ഒരു ഫോൺ കോൾ വന്നു. കോട്ട്നാക്കയിലെ ഒരു പെട്രോൾ പമ്പിന് സമീപം ക്രൂരമായി കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. അവിടെ പോലീസ് കണ്ട കാഴ്ച വിവരണാതീതമായിരുന്നു. മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ, തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ ഒരു പെൺകുട്ടി. തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ട് തകർത്തിരുന്നു. ആശുപത്രിയിൽ വച്ച് വസ്ത്രങ്ങളും സാധനങ്ങളും കണ്ടതോടെ ആ അച്ഛൻ തകർന്നുപോയി; അത് യശശ്രീ തന്നെയായിരുന്നു.
യശശ്രീയുടെ പോസ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അതിക്രൂരമായിരുന്നു. അവളുടെ ശരീരത്തിലും സ്വകാര്യ ഭാഗത്തും നിരവധി തവണ ക്രൂരമായ കുത്തേറ്റിരുന്നു. പ്രതിക്ക് അവളോട് അത്രമേൽ പ്രതികാരമുണ്ടെന്ന് പൊലീസിന് മനസിലായി.
അങ്ങനെ പോലീസ് അന്വേഷണം അഞ്ച് വർഷം പിന്നിലേക്ക് നീണ്ടു. 2019-ൽ ദാവൂദ് ഷെയ്ഖ് എന്ന ബസ് കണ്ടക്ടർ യശശ്രീയെ ശല്യം ചെയ്തതിന് പോക്സോ (POCSO) നിയമപ്രകാരം ജയിലിൽ പോയിരുന്നു. ജയിലിൽ നിന്നിറങ്ങിയ ദാവൂദിനെക്കുറിച്ച് കുടുംബത്തിന് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.
എന്നാൽ യശശ്രീയുടെ ഫോൺ രേഖകൾ പരിശോധിച്ച പോലീസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ദാവൂദും യശശ്രീയും രഹസ്യമായി ബന്ധം തുടർന്നിരുന്നു. പ്രണയവും ഭീഷണിയും നിറഞ്ഞ ഒരു ബന്ധമായിരുന്നു അത്.
ദാവൂദ് അവളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ യശശ്രീ അതിന് തയ്യാറായിരുന്നില്ല. ഒടുവിൽ അവളെ വരുതിയിലാക്കാൻ ദാവൂദ് അവളുടെ ചില സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത് കണ്ട് ഭയന്ന യശശ്രീ, അവനെ കാണാൻ റെയിൽവേ സ്റ്റേഷന് സമീപമെത്തി. അവിടെ വച്ചുണ്ടായ വാക്കുതർക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തിലാണ്. മുൻകൂട്ടി കരുതിയിരുന്ന രണ്ട് കത്തികൾ ഉപയോഗിച്ചാണ് ദാവൂദ് അവളെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന ദാവൂദിനെ ജൂലൈ 30-ന് ഷഹാപൂരിലെ മലനിരകളിൽ വെച്ച് പോലീസ് പിടികൂടി. 2019-ലെ കേസിൽ ഇയാൾക്കെതിരെ നിലവിലുണ്ടായിരുന്ന വാറന്റ് കൃത്യസമയത്ത് നടപ്പിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ യശശ്രീ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു എന്ന് പോലീസ് തന്നെ വിലയിരുത്തുന്നു.
ഓർക്കുക സോഷ്യൽ മീഡിയയുടെയും പ്രണയത്തിന്റെയും മറവിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയുക. സ്വന്തം സ്വകാര്യ ചിത്രങ്ങൾ ആർക്കും ഷെയർ ചെയ്യരുത്. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ ഭയക്കാതെ മാതാപിതാക്കളെയോ പോലീസിനെയോ വിവരം അറിയിക്കുക. മക്കളുടെ മാറ്റങ്ങൾ തിരിച്ചറിയാൻ മാതാപിതാക്കളും ജാഗ്രത പാലിക്കണം.
















