ആമസോണിൽ നടക്കുന്ന കൂട്ട പിരിച്ചുവിടൽ തുടരുന്നു. ആഗോളതലത്തിൽ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ ഒഴിവാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടത്തിൽ ആയിരം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായേക്കും. 2025 ഒക്ടോബറിൽ നടന്ന ആദ്യഘട്ട പിരിച്ചുവിടലിലും ഏകദേശം ഇത്രയും തന്നെ ഇന്ത്യക്കാർക്ക് ജോലി നഷ്ടമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇ- കൊമേഴ്സ് കമ്പനിയുടെ 10 ശതമാനത്തോളം ജീവനക്കാരെയാണ് ഇത്തരത്തിൽ ആഗോളതലത്തിൽ ഒഴിവാക്കുന്നത്.
ആമസോൺ വെബ് സർവീസസ് (AWS), റീട്ടെയിൽ, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 28 നകം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പിരിച്ചുവിടൽ 1.58 ദശലക്ഷം വരുന്ന ആമസോണിന്റെ മൊത്തം ജീവനക്കാരുടെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും കമ്പനിയുടെ കോർപ്പറേറ്റ് ജീവനക്കാരുടെ 10 ശതമാനത്തോളം വരുമിത്. എഐയുടെ വരവാണ് പ്രധാനമായും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുള്ള കാരണമായി പറയുന്നത്. എന്നാൽ, നിർമിതബുദ്ധിയല്ല കാരണമെന്നും അമിതമായ ബ്യൂറോക്രസിയാണ് കൂട്ടപ്പിരിച്ചു വിടലിന്റെ കാരണമെന്നുമാണ് ആമസോൺ സി ഇ ഓയുടെ വാദം.
















