ഇരുചക്ര വാഹനത്തിന്റെ ബ്രേക്കിങ്ങിനെ ബാധിക്കുന്ന തരത്തിലുള്ള തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചില മോഡൽ സ്‌കൂട്ടറുകൾ തിരിച്ച് വിളിച്ച് യമഹ.
യമഹയുടെ ഹൈബ്രിഡ് മോഡലുകളായ റേയ് ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് എന്നീ മോഡലുകളാണ് കമ്പനി വൻ തോതിൽ തിരിച്ചു വിളിച്ചത്. ഈ രണ്ട് മോഡലുകളുടെയും ബ്രേക്ക് കാലിപറിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്കും തകരാർ പരിഹരിക്കുന്നതിനുമാണ് ഇന്ത്യയിലെ പ്രമുഖ ടൂ വീലർ ഭീമനായ യമഹ ഇത്രയുമധികം വാഹനങ്ങൾ തിരികെ വിളിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷക്ക് തങ്ങൾ അത്യധികം പ്രാധാന്യം നൽകുന്നവരാണെന്നും, തിരിച്ചു വിളിച്ച വാഹനങ്ങൾ സൗജന്യമായി തകരാർ പരിഹരിച്ച് നൽകുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
2024 മെയ് രണ്ട് മുതൽ 2025 സെപ്റ്റംബർ മൂന്ന് വരെയുള്ള കാലയളവിൽ നിർമിച്ച 3,06,635 വാഹനങ്ങളാണ് തിരികെ വിളിക്കുക. ഈ കാലയളവിൽ നിർമിച്ച് ഇറക്കിയ സ്‌കൂട്ടറുകളുടെ ബ്രേക്കിന്റെ പ്രവർത്തനം ചില സമയങ്ങളിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കമ്പനി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ തകരാർ സ്ഥിരീകരിക്കുകയും ഉടൻ നടപടി എടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.
















