തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 359 യാത്രക്കാരുമായി പോയ എം.വി തൃഷ കെർസ്റ്റിൻ എന്ന ബോട്ടാണ് മുങ്ങിയത്. അപകടത്തിൽ ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ഇന്ന് പുലർച്ചെ ബലൂക് ദ്വീപില്‍ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. സാംബോവങ്ക സിറ്റിയിൽ നിന്നും പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു.
തുടർന്ന് ബോട്ടിലെ ജീവനക്കാർ കോസ്റ്റ്ഗാർഡ് അധികൃതർക്ക് അപായ സൂചന നൽകി. കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















