ശശി തരൂർ ഇടതുപാളയത്തിലേക്ക് വരുന്നു എന്ന തരത്തിലുള്ള തെറ്റായ മാധ്യമ വാർത്തകളെ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം പ്രചാരവേലകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കൽപികമായ ചോദ്യവും സാങ്കൽപികമായ ഉത്തരവും അടിസ്ഥാനപരമായി തെറ്റാണ്. ആ ചോദ്യത്തിന് പ്രസക്തിയില്ല.
ശശി തരൂർ നിലവിൽ കോൺഗ്രസിന്റെ പ്രമുഖനായ നേതാവായി തുടരുന്നയാളാണ്. ഒപ്പം ബിജെപിയും പ്രധാനമന്ത്രിയെയും ഉൾപ്പെടെയുള്ളവരെ നിരന്തരമായി വാഴ്ത്തുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നതാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ അദ്ദേഹം സിപിഎമ്മുമായി ചേർന്നു പോവുകയാണ് എന്നുള്ള പ്രചാരവേലയിൽ കാര്യമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
തരൂർ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് ഒരു പ്രതിപക്ഷം ചെയ്യേണ്ടുന്ന ധർമ്മം മാത്രമാണെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ക്രിയാത്മകമായ പിന്തുണ നൽകുക എന്നത് പ്രധാനമാണ്. എന്നാൽ ഇവിടുത്തെ പ്രതിപക്ഷം അങ്ങനെയല്ല. കേരളത്തെ പോലെ മറ്റൊരു പ്രതിപക്ഷം ലോകത്ത് വേറെ എവിടെയുമില്ല. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന് ദാർഷ്ട്യത്തോടെ പറയുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
















