ഡൽഹിയിൽ ഇന്ന് നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ നിർണായകമായ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിക്കും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കാൻ കരാറിൽ ധാരണയായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്ടേർ ലൈൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക. അടുത്ത വർഷത്തോടെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരും. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആറുമാസത്തോളമെടുക്കും. കരാറുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളുടെയും ചർച്ച ഇന്നലെ പൂർത്തിയായി.
















