ഹരിയാനയിൽ സഹപ്രവർത്തകനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ 23-കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ, പ്രദേശത്ത് ഭക്ഷണവിൽപന നടത്തിവന്നിരുന്ന ഗൗരവ് ഭാട്ടി (25) യെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ എസ്‌യുവിയുടെ ചക്രം ചെളിയിൽ പുതഞ്ഞതിനാൽ ആണ് യുവതി രക്ഷപെട്ടത്.
ഗുരുഗ്രാമിലെ ലെപ്പേഡ് ട്രയിലിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യുവതി തന്റെ സഹപ്രവർത്തകനൊപ്പം ശനിയാഴ്ച രാത്രിയാണ് സംഭവസ്ഥലത്തെത്തിയത്. തുടർന്ന് പുലർച്ചെ ഒന്നരയോടെ വിനോദസഞ്ചാരകേന്ദ്രത്തിലെത്തുകയും രണ്ടുമണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കാറിനുള്ളിൽ ഇരുന്ന ഇരുവരെയും ഗൗരവ് ശല്യപെടുത്താൻ തുടങ്ങിയത്. യുവതിയും സഹപ്രവർത്തകനും ഇതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ആണ് ഗൗരവ് യുവതിയുടെ ഫോൺ തട്ടിപറിച്ചുകൊണ്ട് സ്‌കോർപിയോയുടെ സമീപത്തേക്ക് ഓടിയത്. ഉടൻ തന്നെ യുവതിയും പുറകെ ചെല്ലുകയും ഇയാൾ യുവതിയെ കാറിനുള്ളിലേക്ക് തള്ളിയിടുകയും വാഹനം വേഗം ഓടിച്ചുകൊണ്ടുപോവുകയും ചെയ്തു.
ഉടൻ തന്നെ സഹപ്രവർത്തകൻ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ലൊക്കേഷൻ അടിസ്ഥാനമാക്കി വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടയിൽ പന്ദല ഗ്രാമത്തിലെ മൺപാതയിലൂടെ പോകവേ, സ്‌കോർപിയോയുടെ ചക്രം മണ്ണിൽ പുതഞ്ഞു. ഉടൻ തന്നെ യുവതി സഹായം അഭ്യർത്ഥിച്ചു നിലവിളിച്ചതോടെ പ്രതി കടന്നുകളഞ്ഞു.പിന്നാലെ സ്ഥലത്തെത്തിയ പോലീസ് യുവതിയെ രക്ഷിച്ചു.
യുവതിയെയും വാഹനത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും മണിക്കൂറുകൾക്കകം ഗൗരവിനെ പോലീസ് പിടികൂടി. തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് ഗൗരവ് രക്ഷപെടാൻ ശ്രമിക്കുകയും അതിനിടയിൽ ഗൗരവ് വീണ് കാലിന് ഒടിവ് സംഭവിക്കുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു
















