പട്നയിൽ സ്ത്രീധനമായി സ്വർണമാല നൽകാത്തതിന് ഗർഭിണിയെ തീകൊളുത്തി കൊന്നു ഭർത്താവിന്റെ മാതാപിതാക്കൾ. സ്തുതി കുമാരി എന്ന രണ്ടുമാസം ഗർഭിണിയായ യുവതിയെ ആണ് കൊന്നത്. സംഭവത്തിൽ പ്രതികൾ ഒളിവിലാണ്.
ബിഹാറിലെ നളന്ദ ജില്ലയിലെ മെഹ്‌തെർമ ഗ്രാമത്തിലാണ് സംഭവം. ഒൻപതുമാസം മുൻപായിരുന്നു സ്തുതി കുമാരിയും ചിന്തു കുമാറും വിവാഹിതരായത്. സ്ത്രീധനമായി സ്വർണമാല നൽകാമെന്ന് വിവാഹവേളയിൽ സ്തുതിയുടെ കുടുംബം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഇത് കൊടുക്കാൻ സ്തുതിയുടെ വീട്ടുകാർക്ക് സാധിച്ചില്ല.
അതോടെ തുടർച്ചയായ പീഡനങ്ങളാണ് സ്തുതിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത്. കൊലപാതകം നടന്നതിന്റെ രണ്ടു ദിവസം മുമ്പും സ്തുതി ക്രൂര പീഡനത്തിന് ഇരയായിരുന്നു. കൊലപാതകം നടന്ന ദിവസം സ്തുതിയെ മർദിക്കുകയും ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നെന്നാണ് സ്തുതിയുടെ കുടുംബം ആരോപിക്കുന്നത്.
സംഭവത്തിൽ ഭർത്താവ് ചിന്തികുമാറിന്റെ മാതാപിതാക്കൾ ഒളിവിലാണ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















