ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ വെറും സഹായികളല്ലെന്നും, അവർ സ്വതന്ത്രമായ അധികാരമുള്ള ‘ഹെൽത്ത്കെയർ പ്രൊഫഷണലുകൾ’ ആണെന്നുമുള്ള കേരള ഹൈക്കോടതിയുടെ വിധി ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസിന്റെ (NCAHP) നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഇവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് കോടതി വ്യക്തമാക്കിയതിനെ ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (AIOTA) സ്വാഗതം ചെയ്തു.
ഈ വിധി ആരോഗ്യരംഗത്ത് ഒരു സാമൂഹിക വഴിത്തിരിവാകുമെന്ന് എ.ഐ.ഒ.ടി.എ ഭാരവാഹികൾ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. രോഗത്തിന്റെ തുടക്കത്തിൽ തന്നെ വിദഗ്ധമായ പരിചരണം നൽകുന്നതിനും ആരോഗ്യകേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിനും ഇത് സഹായകമാകും. ഓട്ടിസം, സ്ട്രോക്ക്, എ.ഡി.എച്ച്.ഡി (ADHD), അൾഷിമേഴ്സ് തുടങ്ങിയ അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കും കൂടുതൽ കാര്യക്ഷമമായ ചികിത്സാ സേവനങ്ങൾ ഇനി ലഭ്യമാകും.
ചികിത്സാ പദ്ധതികൾ സ്വതന്ത്രമായി തീരുമാനിക്കാനുള്ള നിയമപരമായ അധികാരം ലഭിച്ചതോടെ, ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കൂടുതൽ പുനരധിവാസ കേന്ദ്രങ്ങളും ക്ലിനിക്കുകളും ആരംഭിക്കാൻ തെറാപ്പിസ്റ്റുകൾക്ക് സാധിക്കുമെന്ന് എ.ഐ.ഒ.ടി.എ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി പറഞ്ഞു.
ഇത് സാധാരണക്കാരായ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകും. കൂടാതെ, രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രീതികൾ ഏകീകരിക്കുന്നത് ഇന്ത്യൻ തെറാപ്പിസ്റ്റുകൾക്ക് വിദേശത്തും മികച്ച തൊഴിലവസരങ്ങൾ നേടിക്കൊടുക്കുമെന്ന് സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി വ്യക്തമാക്കി.
പരമ്പരാഗതമായ ഡോക്ടർ-കേന്ദ്രീകൃത ചികിത്സയിൽ നിന്ന് മാറി, രോഗിക്ക് പ്രാധാന്യം നൽകുന്ന ‘മൾട്ടിഡിസിപ്ലിനറി’ രീതിയിലേക്ക് മാറാൻ ഈ വിധി പ്രേരിപ്പിക്കുന്നു. എൻ.സി.എച്ച്.എ.പി (NCAHP) നിയമപ്രകാരം പ്രവർത്തിക്കുന്ന ഈ പ്രൊഫഷണലുകൾക്ക് തങ്ങളുടെ പേരിനൊപ്പം ‘Dr’ (ഡോക്ടർ) എന്ന വിശേഷണം ഉപയോഗിക്കാനും ‘OT’ (ഒ.ടി) എന്ന് ചേർക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ അംഗീകാരം തെറാപ്പിസ്റ്റുകളുടെ അറിവിനെ ആദരിക്കുന്നതിനൊപ്പം തന്നെ പൊതുജനങ്ങൾക്ക് ശരിയായ വിദഗ്ധരെ തിരിച്ചറിയാനും സഹായിക്കും.
ഈ നേട്ടം കൈവരിക്കാൻ പരിശ്രമിച്ച നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻ അധികൃതരെ എ.ഐ.ഒ.ടി.എ ഭാരവാഹികൾ അഭിനന്ദിച്ചു. പത്രസമ്മേളനത്തിൽ ഡോ. പങ്കജ് ബാജ്‌പേയി, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
















