ബജറ്റ് പ്രസംഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സർക്കാരാണ് കേരളത്തിലേതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ നാളിതുവരെ ക്ഷേമ പെൻഷൻ 62 ലക്ഷം ജനങ്ങൾക്ക് എല്ലാ മാസവും മുടക്കമില്ലാതെ 2000 രൂപ വീതം പെൻഷൻ നൽകുന്നുവെന്ന് മന്ത്രി സഭയിൽ പറഞ്ഞു. ക്ഷേമപെൻഷനായി ഇതുവരെ 48,383.83 കോടി നൽകിയിട്ടുണ്ടെന്നും ബഡ്ജറ്റിൽ അവതരിപ്പിച്ചു.
കൂടാതെ പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും 54,000 കോടി രൂപ ക്ഷേമപെൻഷനായി ജനങ്ങളുടെ കൈയിലെത്തിച്ചിരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. ഇത്രയും കോടി രൂപ ക്ഷേമ പെൻഷനായി നൽകിയ സംസ്ഥാനം ഇന്ത്യയിൽ വേറെ എങ്ങും ഇല്ലന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ 10 വർഷം കൊണ്ട് ക്ഷേമപെൻഷനായി നൽകിയത് 90,000 കോടി രൂപയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
















