ബജറ്റ് പ്രസംഗത്തിനിടെ കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. 2021 മുതൽ 26 വരെയുള്ള കാലയളവിൽ കേരള സർക്കാർ കെഎസ്ആർടിസിയുടെ നവീകരണത്തിനായി നൽകിയിട്ടുള്ള സഹായങ്ങൾ എല്ലാം മന്ത്രി ബഡ്ജറ്റിൽ അവതരിപ്പിച്ചു.
ഇത്രയും കാലയളവിൽ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ വാങ്ങാനായെന്നും ഇതിൽ 134 എണ്ണം കെഎസ്ആർടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത് എന്നും മന്ത്രി വ്യക്തമാക്കി.
പഴയ കെഎസ്ആർടിസിയുടെ ബസുകൾ പൊളിച്ച് നീക്കി പുതിയ ബിഎസ്6 ബസുകൾ വാങ്ങുന്നതിനായി സർക്കാർ വിഹിതം 127 കോടി രൂപയായി വർധിപ്പിക്കുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കെഎസ്ആർടിസിയെ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നതിനായുള്ള സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പരിഷ്‌കരണങ്ങൾക്കായി 12 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കൂടാതെ യാത്രക്കാരെ ആകർഷിക്കാനായി പ്രതിമാസ പ്രവർത്തന നഷ്ട്ടം കുറക്കുന്നതിനുമായി മികച്ച ബസുകൾ എത്തിക്കുകയും വർക്ക്‌ഷോപ്പ്, ഡിപ്പോകൾ എന്നിവയുടെ ആധുനികവത്കരണത്തിനുമായി 45.72 കോടി രൂപ ബജറ്റിൽ വകയിരുത്തുകയാണെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.
















