പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് രണ്ട് തലത്തിലുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഓട്ടോകൾ മാത്രമല്ല ഓട്ടോ സ്റ്റാൻഡുകൾ തന്നെയും പുതുമോടിയിൽ ആധുനികവൽക്കരിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
ഇവയ്ക്കായി തുടക്കത്തിൽ 20കോടി രൂപയാണ് ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ഇലക്ട്രിക് ചാർജിങ് സൗകര്യം ഉൾപ്പെടെയുള്ള സ്മാർട്ട് മൈക്രോ ഹബ്ബുകൾക്കായും 20കോടി രൂപവേറെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയാണ് പ്രഥമ പിന്തുണ. പുതിയതിലേക്ക് മാറാനും പഴയത് മാറ്റാനും രണ്ട് തലത്തിലുള്ള സഹായം സംസ്ഥാനം അനുവദിക്കും. പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്നാണ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ഈ ഇലക്ട്രിക്ക് ഓട്ടോ വാങ്ങാനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. അതോടൊപ്പം കേരളത്തിലുടനീളമുള്ള 5000-ത്തിൽ അധികമുള്ള അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെയെല്ലാം സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുന്നതായും പറഞു.
















