സംസ്ഥാനത്തെ റെയിൽ റോഡ്ഗതാഗത മേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടു ബജറ്റ് പ്രഖ്യാപിച്ചു ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി നിർമിക്കാനായി ആണ് മന്ത്രിയുടെ പ്രഖ്യാപനം.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. കൂടാതെ കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഏറിയ കിളിമാനൂർ, നിലമേൽ, ചടയമംഗലം,ആയൂർ,പന്തളം,ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്.
















