പ്രണയബന്ധത്തിനു തടസം നിന്ന മാതാപിതാക്കളെ കൊലപ്പെടുത്തി മകൾ. തെലുങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നക്കല സുരേഖ (20) ആണ് മരുന്ന് കുത്തിവെച്ചു മാതാപിതാക്കളെ കൊലപ്പെടുത്തിയത്.
തെലങ്കാനയിലെ വികാരാബാദിൽ കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. സുരേഖ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. എന്നാൽ മാതാപിതാക്കൾ ഇതിന് എതിർപ്പു പ്രകടിപ്പിച്ചു. ഇതിന്റെ പേരിൽ വഴക്കും പതിവായിരുന്നു എന്ന നാട്ടുകാർ പറഞ്ഞു.
തന്റെ പ്രണയം മാതാപിതാക്കൾ സമ്മതിക്കത്തില്ലെന്നും അതിന് എതിർപ്പ് തുടരുമെന്നും മനസിലാക്കിയ സുരേഖ മാതാപിതാക്കളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ആരും അറിയാതെ മരുന്ന് മോഷ്ടിച്ചു ഉയർന്ന ഡോസിൽ അച്ഛനും അമ്മയ്ക്കും കുത്തിവയ്ക്കുകയായിരുന്നു. ഇതിനായി നാല് കുപ്പി മരുന്നാണ് സുരേഖ മോഷ്ടിച്ചത്.
കുത്തിവെപ്പിനെ തുടർന്ന് കുഴഞ്ഞു വീണ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ചികിത്സിച്ച ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുരേഖ കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുവാനും സുരേഖയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
















