കശ്മീരില്‍ മഞ്ഞു വീഴ്ച ആരംഭിച്ചു. മഞ്ഞു വീഴ്ച തുടങ്ങിയതോടെ വിനോദ സഞ്ചാരമേഖല ഉണർന്നു. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച്ച രാത്രി മുതലാണ് മഞ്ഞു വീഴ്ച്ച ആരംഭിച്ചത്.
ഡിസംബര്‍ 21 മുതല്‍ ജനുവരി 30 വരെ നീളുന്ന അതിശൈത്യകാലത്തെ ചില്ലെയ് കലാന്‍(Chillai Kalan) എന്നാണ് കശ്മീരികള്‍ വിളിക്കുന്നത്. ഇത്തവണ ജനുവരി പകുതി വരെ കാര്യമായ മഞ്ഞുവീഴ്ച്ചയില്ലാത്തത് കശ്മീരിനെ ആശങ്കപ്പെടുത്തിയിരുന്നു. അല്‍പം വൈകിയാലും കനത്ത മഞ്ഞു വീഴ്ച്ച തന്നെയാണ് 2026ലും ഭൂമിയിലെ സ്വര്‍ഗത്തില്‍ ലഭിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് ജമ്മുവിലേയും കശ്മീരിലേയും ജനജീവിതം സ്തംഭിക്കുന്ന സ്ഥിതിയുണ്ടായി. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ തടസപ്പെട്ടു. മഞ്ഞുകാണാനെത്തിയ സഞ്ചാരികളെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ യാത്രകളെ പോലും തടസപ്പെടുംവിധമായിരുന്നു മഞ്ഞുവീഴ്ച്ച.ശ്രീനഗര്‍ അടക്കമുള്ള താഴ്‌വര പ്രദേശങ്ങളില്‍ ഇടത്തരം രീതിയിലും ഉയര്‍ന്ന മേഖലകളില്‍ ശക്തമായ തോതിലുമായിരുന്നു മഞ്ഞുവീഴ്ച്ചയുണ്ടായത്.
തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ 14, 15 ഇഞ്ച് വരെ കനത്തിലാണ് മഞ്ഞു വീണത്. വടക്കന്‍ കശ്മീരിലെ ഹാന്‍ദ്വാര, ഗുറെസ്, കര്‍നാ, ഉറി തുടങ്ങിയ മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. സോജിലയില്‍ മൂന്ന് അടി വരെ കനത്തിലാണ് മഞ്ഞു വീണത്. സോന്‍മാര്‍ഗില്‍ രണ്ട് അടി ഉയരത്തില്‍ മഞ്ഞ് വീണു.
മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് റോഡുകളില്‍ വാഹനങ്ങള്‍ തെന്നി നീങ്ങാന്‍ തുടങ്ങിയതും വാഹന ഗതാഗതം തടസപ്പെടാന്‍ ഇടയായി. ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ ക്വാസിഗുണ്ട് മുതല്‍ ബനിഹാള്‍ വരെയുള്ള ഭാഗം കനത്ത മഞ്ഞു വീഴ്ച്ചയില്‍ അടച്ചിട്ടു. ഇതോടെ കശ്മീര്‍ താഴ്‌വരയും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളുമായുള്ള റോഡ് മാര്‍ഗമുള്ള ഗതാഗതവും തടസപ്പെട്ടു.
റെയില്‍ ഗതാഗതവും പലയിടത്തും തടസപ്പെട്ടു. ട്രാക്കില്‍ മഞ്ഞു വീണതിനെ തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കി. നിരവധി മണിക്കൂറുകളുടെ പരിശ്രമഫലമായാണ് മേഖലയിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ശ്രീനഗറിനും കത്രക്കും ഇടയിലെ റെയില്‍ ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളേയും മഞ്ഞു വീഴ്ച്ച നേരിട്ട് ബാധിച്ചു. 50ഓളം വിമാനങ്ങളാണ് കനത്ത മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് റദ്ദാക്കിയത്. റണ്‍വേയില്‍ മഞ്ഞു നിറഞ്ഞതും മങ്ങിയ കാലാവസ്ഥയുമായിരുന്നു വ്യോമഗതാഗതത്തെ തടസപ്പെടുത്തിയത്. വിനോദ സഞ്ചാരികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രികരെ ഇത് ബാധിച്ചു.
ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, പഹല്‍ഗാം പോലുള്ള പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ശക്തമായ മഞ്ഞു വീഴ്ച്ചയുണ്ടായിട്ടുണ്ട്. പൊലീസും ജില്ലാ ഭരണകൂടവും വിവിധ മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. യാത്രികരെ സഹായിക്കാനായി ഹെല്‍പ് ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.മേഖലയില്‍ വരുന്ന 48 മണിക്കൂറില്‍ മഞ്ഞു വീഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുവില്‍ ജമ്മു കശ്മീരിലും പ്രത്യേകിച്ച് പിര്‍ പന്‍ജല്‍ മലനിരകളിലുമാണ് മഞ്ഞു വീഴ്ച്ചയുടെ മുന്നറിയിപ്പുള്ളത്. ഫെബ്രുവരി 1, 2 ദിവസങ്ങളിലും മഞ്ഞു വീഴ്ച്ച മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.
മഞ്ഞു വീഴ്ച്ച കുറയുന്നതുവരെ വീടുകളില്‍ തന്നെ തുടരാനാണ് കശ്മീരിലെ പല ജില്ലാ ഭരണകൂടങ്ങളും ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. കശ്മീരിലെ മഞ്ഞുകാലം കഠിനമാണ്. എങ്കിലും മഞ്ഞുകാലത്തെ നേരിടാന്‍ കശ്മീരികള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് ശീലിച്ച പല രീതികളുമുണ്ട്. വസ്ത്രത്തിനുള്ളില്‍ വച്ച് കൊണ്ടു നടക്കാവുന്ന കനല്‍ നിറച്ച ചെറിയ മണ്‍ പാത്രങ്ങളായ കാംഗ്രികള്‍ അവരുടെ ശരീരം ചൂടാക്കാന്‍ സഹായിച്ചിരുന്നു. കശ്മീരികളുടെ നീളമേറിയ കമ്പിളി വസ്ത്രമായ ഫെറാനും എല്ലാവര്‍ക്കും പരിചിതമാവും. ഹരിസ പോലുള്ള മാംസ വിഭവങ്ങളും ഉപ്പു ചേര്‍ത്ത ചായയും ചൂടു കാപ്പിയുമെല്ലാം കശ്മീരികളുടെ തണുപ്പിനെ പ്രതിരോധിക്കുന്ന ജീവിത രീതികളാണ്.
















